കാത്തിരിപ്പ്
നീ ഇന്നെങ്കിലും വരുമോ?
നിന്റെ കാലൊച്ച കേൾക്കുവാൻ
ചുട്ടുപൊള്ളുന്ന ചൂടിലും
വേപഥുപൂണ്ട മനസ്സുമായ്
എത്ര ദിനങ്ങളായ് കാത്തിരിക്കുന്നു..
മേഘക്കാറുകൾ ഒത്തുകൂടി
കഥ പറയുന്നത് കാണുമ്പോൾ
അവക്കുള്ളിൽ മറഞ്ഞിരിക്കുന്ന
നിന്റെ കുസൃതിയുള്ള മുഖം
മനസ്സിൽ തെളിയും…
നിന്റെ വരവറിയിച്ചു തണുത്ത തെന്നൽ
തഴുകിതലോടുമ്പോൾ
പറഞ്ഞറിയിക്കാനാവാത്ത
നിർവൃതിയാണെനിക്ക്
തോരാതെ പെയ്യുന്ന ഇടവപ്പാതിയെക്കാളും
കോരിച്ചൊരിയുന്ന തുലാമഴയെക്കാളും
നിന്റെ വേനലിൻ ചാറ്റൽമഴയാണ്
എന്നുമെനിക്കേറെയിഷ്ടം
നീ തൊട്ടുണർത്തിയാൽ മാത്രം വിരിയുന്ന
ഇടിമിന്നൽ പൂവുകൾ
ഇന്നുമൊരു കൗതുകമാണ്
നിന്നെ വാരിപുണർന്നതിന് പഴികേട്ടു –
ഏട്ടനോടൊത്തു ഉമ്മറകോലായിലിരുന്ന്
മതിവരുവോളം നോക്കിനിന്ന കുട്ടിക്കാലം..
ഇന്നും ആരുംകാണാതെ
നിന്നെ നനയാൻ നിന്നിലലിയാൻ
കൊതിതുള്ളുന്നുണ്ടെൻ മനം
അതുകൊണ്ട് വാദ്യഘോഷങ്ങളോടെ
നീ പെയ്തിറങ്ങുക..
വരണ്ട മണ്ണിൽ നിന്നുതിരുന്ന
നിന്റെ മാദക ഗന്ധം ശ്വസിച്ചു
സായൂജ്യമടയട്ടെ മർത്യർ…
ശ്രീരഞ്ജിനി ചേവായൂർ
This post has already been read 1421 times!



Comments are closed.