വെള്ളിക്കൊലുസ്
ചെറുകഥ

വെള്ളിക്കൊലുസ്

velli koluse

അയാൾ കയ്യിലെ കനം തൂങ്ങിയ ഫയൽ വകവെക്കാതെ ഗോവണി കയറാൻ വിഷമിക്കുന്ന ഭാര്യയുടെ കൈ പിടിച്ച് അയാളോട് ചേർത്ത് നടത്തി,, നര പാഞ്ഞ താടിയും മുടിയും ഒതുക്കി ചീകി വെച്ചിരുന്ന ആ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല… അലസമായ് ചുറ്റിയ സാരിയും പാറിപ്പറന്ന മുടിയിഴകളും ഓജസ്സ് നഷ്ടമായ കുഴിഞ്ഞ കണ്ണുകളും പ്രായത്തേക്കാൾ ഏറെ ചുളിഞ്ഞ തൊലിയും ഒറ്റ നോട്ടത്തിൽ ആർക്കും അവരെ ഒരു രോഗിയായി തോന്നിയേക്കാം,, സ്റ്റെപ്പുകൾ കയറി മുകളിലെത്തിയ അവരോട് കുടിക്കാൻ എന്തെങ്കിലും വേണോ എന്ന് ഇടക്കിടെ അയാൾ ചോദിക്കുന്നുണ്ടായിരുന്നു,, ഡെറ്റോളിനെയും ഫിനോലിന്റെയും
രൂക്ഷഗന്ധത്തിന് പകരം തൈലങ്ങളുടേയും പച്ചമരുന്നുകളുടേയും ഗന്ധമായിരുന്നു ഇത്തവണ ഒരു മാറ്റമായി തോന്നിയത്,,, മൗനംതളം കെട്ടിയ ആ അന്തരീക്ഷത്തിൽ ആർക്കും തിരക്കുകളില്ല,,.. പരിഭവങ്ങളില്ല.
പേര് വിളിക്കുന്ന മുറയ്ക്ക് ഓരോരുത്തരായ് കൺസൾട്ടിംഗ് മുറിയിലേക്ക് പോയി തുടങ്ങി,
” പാർവ്വതി വിശ്വം”
പേര് വിളിച്ചതും അയാൾ തിടുക്കത്തിൽ അവരേയും കൊണ്ട് അവിടെയെത്തി…
കയ്യിലെ ഫയലിൽ പലവിധ സൈക്യാട്രിസ്റ്റുകളുടെ മരുന്ന് കുറിപ്പുകളുടെ ശേഖരം അയാൾ ഡോക്ടർക്ക് മുന്നിൽ നിരത്തി… ഉറക്കം വരാത്ത രാത്രികളിൽ അവൾ വരച്ച് കൂട്ടുന്ന ചിത്രങ്ങളെക്കുറിച്ചും അസഹ്യമായ ശാരീരിക വേദനയിൽ അഭയം തേടുന്ന ഉറക്കഗുളികകളെ കുറിച്ചും അയാൾ വാതോരാതെ സംസാരിച്ചോണ്ടിരുന്നു,,., ഭാവതാളങ്ങളോടെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന അയാളുടെ കണ്ണിലേക്ക് ഡോക്ടർ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു,,,, ആന്തരീകമായ ഒരു എനർജി എത്തിപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ അയാൾ ,, നീണ്ട വിശദീകരണങ്ങൾക്കൊടുവിൽ പാർവ്വതിയുമായി സംസാരിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ച് അയാൾ മുറിക്ക് പുറത്ത് കടന്നു,, വാതിൽ ചാരി അടക്കുമ്പോൾ അയാൾ കാക്കക്കണ്ണിന്റെ ചെരിവ് നോട്ടത്തിൽ അവളെ നോക്കി,,
മുറ്റത്തെ മാവിൻ ചില്ലയിലെ ഇലയിൽ മഴ നനഞ്ഞ് തോർന്നതിന്റെ നനവുണ്ട്… മഴ നനവിൽ പുതുമണ്ണിൻ മണം ചുറ്റും പരന്നിട്ടുണ്ട്,,ആവോളം ആ ഗന്ധം അയാൾ ആസ്വദിച്ചു,, തന്നിൽ ഒരിക്കലും മറക്കാനാവാത്ത അതല്ലെങ്കിൽ തന്റെ പ്രിയ സഖി സുഹറ തന്നിൽ നിറച്ച ആ ഗന്ധം,,, പാരലൽ കോളേജിൽ ഫീസില്ലാതെ വന്നതിന് അധ്യാപകന്റെ പഴി കേട്ട് കരഞ്ഞിരുന്ന സുഹറ യോട് തോന്നിയ അനുകമ്പ പിന്നീടെപ്പൊഴോ പ്രണയത്തിന് വഴിമാറി,, ഇടവഴികളിലെ കൂടിക്കാഴ്ചകളിൽ മിക്കപ്പോഴും വീടുകളിലെ പ്രാരാബ്ധങ്ങൾ മാത്രമായിരുന്നു തങ്ങൾക്കിടയിൽ കടന്ന് വന്നിരുന്ന വിഷയം,,
ചുട്ടുപഴുത്ത വേനലിൽ വിണ്ടുകീറിയ പാടവരമ്പിലൂടെ ഒരിക്കൽഅവളുടെ കൈ പിടിച്ച്നടന്ന് നീങ്ങിയപ്പോഴായിരുന്നു ആദ്യമായി പെയ്ത വേനൽമഴക്ക് പുതുമണ്ണിന്റെ ഗന്ധമുണ്ടായത്,,, നെല്ലൊഴിഞ്ഞ വയലിൽ മഴയുടെ വികൃതിയിൽ തീർത്ത ചെളിയിൽ തന്റെ മാത്രം പാത്തു വായിരുന്ന സുഹറ തുള്ളിച്ചാടി,,
ചെളി പുരണ്ട വസ്ത്രത്തിലൂടെ ആദ്യമായി തന്റെ കൈകൾ തലോടിയപ്പോൾ പാത്തു തന്റെ നെഞ്ചോട് ചേർന്നതും കൂടുതൽ ഇഴുകിച്ചേരാൻ മഴ തങ്ങൾക്ക് കൂട്ടായ് പെയ്തതും ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ ഇന്നും അതേ വികാരങ്ങൾ ഉള്ളിലലയടിക്കുന്നതും ഒരു പോലെ അയാൾക്ക് തോന്നി….
അബൂക്കയുടെ മകൾ സുഹറ ഗർഭിണിയാണന്നുള്ള വാർത്ത നാടാകെ പരന്നത് പെട്ടന്നായിരുന്നു… കുറ്റബോധത്തിന്റെ മുൾമുനയാൽ കോറിയ ഹൃദയവുമായി അവളെ തേടിയെത്തിയപ്പോഴേക്കും അബൂക്കയും കുടുംബവും നാട് വിട്ടിരുന്നു,,,വർഷങ്ങളെത്ര കഴിഞ്ഞിട്ടും പാത്തൂനെ കണ്ടെത്താനായില്ല,,, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ അതോ അഛനില്ലാതെ പ്രസവിച്ച ഒരു കുഞ്ഞിന്റെ അമ്മയായ് എന്റെ പാത്തൂനേ ലോകർ,,,,,,, ചിന്തിക്കും തോറും അയാളുടെ കണ്ണിൽ നനവ് പടർന്നു,,,
വാതിൽ തുറന്ന ശബ്ദം ഓർമ്മകള തല്ലിക്കെടുത്തുമ്പോലെ അയാളെ തിരികെ വിളിച്ച് പാർവ്വതി പുറത്ത് വന്നു ,,
“ഡോകടർ വിളിക്കുന്നു ”….. പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു,
അവളിലെ സ്ത്രീത്വം ഹനിക്കപ്പെട്ട ഭാവമായിരുന്നു ആ മുഖത്ത്….
പുഛവും ഒരുതരം അറപ്പും നിറഞ്ഞ നോട്ടം പതിയുന്നതയാൾ ശ്രദ്ധിച്ചു…
പുറത്ത് കാത്തു നിൽക്കുന്ന ഓരോ മുഖത്തും പാർവ്വതി തന്നെ കാണുന്നുണ്ടോ എന്ന് പരതി.. ഇല്ല,, ഒരു പക്ഷെ താൻ മാത്രമായിരിക്കും ഇതുപോലെ ഒരു ജീവി ഈ ഭൂമിയിൽ…
അത് കൊണ്ടല്ലേ വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വർഷമായിട്ടും താൻ കന്യകയെ പോലെ ജീവിക്കുന്നത്…. അങ്ങനെ ആരെങ്കിലുമുണ്ടോ ഈ കൂട്ടത്തിൽ??
ഇല്ല, ഉണ്ടാവില്ല…
ആരോഗ്യദൃഢഗാത്രനായ അയാൾക്കെന്താണ് ഒരു കുറവ്?
അപ്പൊ പിന്നെ തനിക്കാണോ കുഴപ്പം?
അതല്ലെങ്കിൽ പിന്നെ ആർക്കാ കുഴപ്പം?
ചോദ്യങ്ങൾ സ്വയം ചോദിച്ച് അവൾ ഭ്രാന്തിയാവാൻ ശ്രമിച്ചു,,,
രാത്രിയുടെ നിലാവ് ജാലക വഴി പ്രണയം പൂത്ത് വന്ന എത്രയോ രാവുകൾ…മഴനൂലിനാൽ തീർത്ത എത്രയോ പ്രണയ സന്ധ്യകൾ.. ഇഴപിണഞ്ഞ സർപ്പത്തെ കണ്ട് പേക്കിനാവിനാൽ ഞെട്ടിയുണർന്നവൾ…
എന്നിട്ടും താൻ അയാളുടെ മാന്ത്രിക കൂട്ടിൽ വിറങ്ങലിച്ചു നിൽക്കുന്നതെന്താണ്??
മനസ്സാക്ഷിയുടെ മുന്നിൽ സ്വയം കുറ്റവാളിയെന്ന് സമ്മതിച്ചു സ്വയം ഭോഗിച്ച് നിൽക്കുന്ന അയാളെ ഷണ്ഠനനെന്ന് എങ്ങനെ വിളിക്കും? ഇതൊഴിച്ചാൽ ബാക്കി എല്ലാം നൂറിൽ നൂറ് തികഞ്ഞ ഭർത്താവായിരുന്നു അയാൾ… അല്ലെങ്കിൽ തന്റെ കുടുംബം പ്രാരാബ്ധം അയാൾ ഏറ്റെടുക്കുമായിരുന്നോ?
തന്റെ അനിയത്തിമാരുടെ വിവാഹം നടത്തുമായിരുന്നോ?ജപ്തിയിൽ നിന്ന് വീട് തിരിച്ചെടുക്കുമായിരുന്നോ? തന്റെ മാതാപിതാക്കൾക്ക് മകനാകുമായിരുന്നോ ?അപ്പൊ പിന്നെ തന്റെ വിശ്വേട്ടൻ ദൈവത്തെപ്പോലെയല്ലേ ? ദൈവത്തെ ആരും പ്രണയിക്കില്ല.. ദൈവത്തെ ആരും ഇതുവരെ ഭോഗിച്ചിട്ടില്ല,.. സ്വയം ആശ്വസിച്ചും ഉത്തരങ്ങൾ തേടിയും അവളുടെ ഉള്ളം അവൾ തന്നെ അടർത്തി മാറ്റാൻ ശ്രമിച്ചു.. സ്നേഹമെന്ന മതിലിനപ്പുറത്തേക്ക് ചലിക്കാത്ത മനസ്സുണ്ടാക്കാൻ ശ്രമിച്ചു..
“പോകാം”….. അതും പറഞ്ഞു അയാൾ അവളെ നോക്കി തല കൊണ്ട് ആംഗ്യം കാണിച്ചു,
ഡോക്ടറുടെ ഒരു മരുന്ന് കുറിപ്പ് കൂടി കയ്യിലെ ഫയലിനിടയിൽ ഇടം പിടിച്ചു..
വഴിയോര യാത്രയിലെ പല കാഴ്ചകളിലും കണ്ണുടക്കുന്നത് രാത്രിയുടെ യാമങ്ങളിൽ അവയിൽഛായം പുരട്ടാനും അവൾ തീരുമാനിച്ചു… മങ്ങിത്തുടങ്ങുന്ന ആകാശനീലിമക്കിടയിലൂടെ പറന്ന് പൊങ്ങുന്ന ഇണപ്രാവുകൾക്ക് കറുപ്പ് നിറം പടർന്നിരുന്നു,, ആകാശ വേരുകൾ താണ്ടിയുള്ള അവയുടെ യാത്രകൗതുകത്തോടെ അവളുടെ ഉള്ളം പകർത്തിയെടുക്കുന്നുണ്ടായിരുന്നു,,, മൗനം ഗനീഭവിച്ച അവർക്കിടയിൽ മഴ ഇടക്കിടെ തൊട്ടുണർത്തിക്കൊണ്ടിരുന്നു… പരസ്പരം പരാതികളില്ലാതെ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ പോലെ ഒരേ വാഹനത്തിലിരുന്ന് അവരുടെ മനസ്സ് രണ്ട് വഴി കളിലൂടെ സഞ്ചരിച്ച് കൊണ്ടിരുന്നു…
സമയത്തെ തള്ളി നീക്കി വാഹനം വീട്ടു മുറ്റെത്തെത്തി,… ഓർമ്മകളെ പുതുക്കുന്ന തന്റെ ചാരുകസേരയിൽ ഇരുന്ന് അയാൾ ചിന്താ മൂകനായി നോക്കിയിരുന്നു,,പുതുമണ്ണിന്റെ ഗന്ധം അപ്പോഴും അയാളെ ഉത്മത്തനാകുന്നുണ്ടായിരുന്നു… വാതിലിനപ്പുറത്തേക്കുള്ള അയാളുടെ നോട്ടത്തിൽ പാർവ്വതിക്ക് സുഹറയുടെ ഛായ എപ്പോഴൊക്കെയോ മിന്നിമറഞ്ഞു.. തന്റെ മഴ നനഞ്ഞഴുക്കായ സാരി മാറ്റുമ്പോൾ അവളുടെ സാരിത്തുൻപിന് സുഹറയുടെ തട്ടത്തിന്റെ അതേ നിറമായിരുന്നു,,,, തന്റെ പാത്തൂന്റെ അതേ ഗന്ധം,,. വർഷങ്ങൾക്ക് ശേഷം അതേ സുഹറയായി പാർവ്വതിയിൽ അയാൾ അലിഞ്ഞില്ലാതായപ്പോൾ അവിശ്വസനീയതയുടെ ഒരു നേർത്ത തേങ്ങൽ അവളുടെ ചുടുനിശ്വാസങ്ങൾക്കിടയിലൂടെ പുറത്തേക്ക് വന്നു,,

രാത്രി ഏറെ വൈകിയിട്ടും പാർവ്വതിക്ക് ഉറങ്ങാൻ കഴിയുന്നില്ല..
പേക്കിനാവുകൾ ഞെട്ടിച്ച് അലട്ടുന്നില്ല.. സ്വതന്ത്രമായൊരു പക്ഷിയെപ്പോലെ ചിറകടിച്ചെങ്ങോ അവൾ പറന്നു പറന്നു കൊണ്ടേയിരുന്നു…
തന്റെ ചിത്രങ്ങളുടെ വെത്യസ്ത ഭാവങ്ങൾ അന്നാണവൾ സൂക്ഷിച്ചു നോക്കിയത്, കാമം,, വിരഹം,,, പ്രണയം,, ഓരോ ചിത്രങ്ങളും തന്റെഓരോ സ്പന്ദനങ്ങളായിരുന്നോ എന്നവൾ സംശയിച്ചു പോയി,, ഓരോന്നിലും പുഞ്ചിരിയാൽ വിരലോടിച്ചു,, ഇതുവരെ വരയ്ക്കാത്തൊരു പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്ന് ഛായക്കുട്ടങ്ങളുടെ ഇടയിലേക്കവൾ ഇറങ്ങിച്ചെന്നു,,, ഇരുട്ട് കനത്ത്
എപ്പോഴോ മയങ്ങിപ്പോയി,,,

വൈകി എണീറ്റ വെപ്രാ ളത്തിൽ
വെയിൽ ചൂടേറ്റിട്ടും ഉണരാതിരുന്ന തന്റെ പ്രിയതമന്റെ അടുത്തേക്ക് രാത്രിയിൽവരച്ച് തീർത്ത പുതിയ ചിത്രവുമായി അവൾ ഉത്സാഹത്തോടെയാണ് നടന്നടുത്തത്…തണുത്ത വിറങ്ങലിച്ച ശരീരരം കണ്ട് നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന ആ ചിത്രം കയ്യിൽ നിന്നും ഊർന്നിറങ്ങിയത് അവളറിഞ്ഞിരുന്നില്ല.. അയാളുടെ വേർപ്പാട് വിശ്വസിക്കാനാകാതെ ആ കൈത്തണ്ടത്തിൽ മുഖമടിച്ച് കരയുമ്പോൾ ചുരുട്ടിപ്പിടിച്ച ആ കൈക്കുള്ളിൽ എന്നോ കളഞ്ഞ് കിട്ടിയ ക്ലാവ് പിടിച്ച് മങ്ങിയ ഒരു വെള്ളിക്കൊലുസുണ്ടായിരുന്നു,,,,,,അയാൾടെ മാത്രം പാത്തൂന്റെ കാലിൽ ഒരിക്കലയാൾ അണിയിച്ചിരുന്ന ആ പഴയ വെള്ളിക്കൊലുസ് …… പതിവിൽ നിന്നും വെത്യാസമായി അയാളുടെ പേരെഴുതിയ പുതിയമരുന്നിന്റെ കുറിപ്പ് മേശ മുകളിലെ ആ ഫയലിൽ അപ്പോൾ ഏറെ തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു


 

 

റുക്സാന ടി.പി, പെരിന്തൽമണ്ണ