അമ്മത്തുരുത്ത്
ചെറുകഥ

അമ്മത്തുരുത്ത്

അമ്മത്തുരുത്ത്   

“നമ്മുടെ ഈ വീടിന് വല്ലാത്തൊരു അമ്മ മണം തോന്നുന്നു .ജയാ. ഒരേ സമയം തന്നെ വാത്സല്യവും സങ്കടവും വരുത്തുന്ന മണം.”

തളത്തിലെ മുത്തച്ഛന്റെ ചാരുകസേരയിൽ വളഞ്ഞു കുത്തിക്കിടക്കുന്ന ചോദ്യചിഹ്നത്തിലേക്ക് ജയന്റെ അത്ഭുത നോട്ടം ചെന്നെത്തി. സിറ്റിയിലെ മൾട്ടി നാഷണൽ കമ്പനിയുടെ നെടുംതൂണായി അറിയപ്പെടുന്ന രാജീവ് മേനോൻ എന്ന വൻ പ്രതിഭാസമാണ്  (പ്രതിഭാസം എന്ന വാക്ക് നിതയുടെ സംഭാവനയാണല്ലോ എന്ന് നന്ദി പുരസ്സരം ഓർക്കുന്നു)  പഴകിയ മുണ്ടും ഷർട്ടും വെള്ള കുറ്റിത്താടിയുമായി നിസ്സംഗതയോടെ ഇരിക്കുന്ന ഈ മനുഷ്യൻ.  അല്ലെങ്കിലും അൽഭുതങ്ങളും അമ്പരപ്പുകളും അന്തം വിടലുകളുമാണല്ലോ കുറെ ദിവസങ്ങളായി കൂട്ട് .അവയിൽ ഏറ്റവുമധികം അമ്പരപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോഴത്തെ യാത്ര. ജയൻ തിരിഞ്ഞിരുന്ന് ഒന്നുകൂടി ആ ദൃശ്യം മനസ്സിലേക്കിട്ടു. തിളങ്ങുന്ന ചുവന്ന കാവി നിലത്ത് പഴമയുടെ പ്രൗഢിയുള്ള ഈട്ടിക്കസേരയിൽ കിടക്കുന്ന ഏട്ടൻ. കാമറയിലൂടെ ഏത് ആംഗിളിൽ നോക്കിയാലും കിട്ടുന്നത് ഒരു കിടിലൻ നൊസ്റ്റാൾജിക് വള്ളുവനാടൻ ക്ലിക്ക് .അടുത്ത പ്രൊജക്ടിൽ ഇതു കൂടി ഉൾപ്പെടുത്തണം.

“ജയ്, തന്റെ വർക്സ് ഒക്കെ സൂപ്പർ തന്നെ. സമ്മതിക്കുന്നു. ബട്ട് മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചു കയറി നിക്കുന്ന ആ ഒരു ഫീൽ കൂടി വേണം. ഒരു യുണിക്നെസ്സ് വേണ്ടേ ”

വെളുത്തുള്ളിയെ ഓർമ്മിപ്പിക്കുന്ന മുഖമാണ് ചീഫ് അസ്കറിന്റേത്. അതൃപ്തി നിഴലിക്കുന്ന വെളുത്ത മുഖത്തേയ്ക്ക് നോട്ടമെത്താതിരിക്കാനാണ് ശ്രമിക്കാറ്. യുണിക്നെനെസ്സ്. ഈ പ്രപഞ്ചത്തിലെ സകല വസ്തുവും വ്യത്യസ്തമാണെന്ന് ആ ശുംഭന് മനസ്സിലാക്കിക്കൊടുക്കണം.

മാസങ്ങളായി ആ യുണിക്നെസ്സിനു പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു .നല്ലൊരു പ്രൊജക്ടിന്റെ അവസാന ഘട്ടത്തിലെത്തിയതുമാണ്. അപ്പോഴാണല്ലോ ഈ യുണിക് എക്സ് പിരിയൻസ് വന്ന് വഴിയാകെ തിരിച്ചുവിട്ടത്.

” അപ്പാ, നോക്കിയേ എന്റെ ബോട്ട് മുങ്ങാതെ പോവുന്ന കണ്ടോ?”

മനുവിന്റെ കടലാസ് വഞ്ചികൾ ഇറവെള്ളത്തിലൂടെ ഒഴുക്കിനൊപ്പിച്ച് നീങ്ങുന്നു. മുങ്ങും എന്നാവുമ്പോഴേയ്ക്കും ഒഴുക്കിന്റെ ഒരു കുഞ്ഞല വന്ന് അതിനെ കൂട്ടിക്കൊണ്ടു പോവുന്നു. ഓട്ടിറമ്പിൽ നിന്നു വീഴുന്ന മഴത്തുള്ളികൾക്കെല്ലാം സൗമ്യഭാവമാണ്. ഒരിലത്തുമ്പിനെ പോലും വേദനിപ്പിക്കാതെ ഈ മഴ . മഴയ്ക്കും ദേശാന്തര ഭാവമാറ്റങ്ങളുണ്ടോ?

“വല്ല്യച്ഛാ, ഇറ്റ്സ് ഓവർ .ഇനിയും വേണം ബോട്ട്. ”

മനു രാജേട്ടനെ കുലുക്കിയുണർത്തി.. ഓ. അപ്പോൾ അതാണ് ബോട്ട് ഫാക്ടറി . മടിയിലെ നോട്ട് ബുക്കിൽ നിന്നും പേജുകൾ കീറിയെടുക്കുമ്പോൾ ആ കണ്ണുകളിൽ ചുവപ്പു രാശി കലർന്നു.

“ഇവന് നിന്റെ അതേ നേച്ചറാണല്ലോടാ .എന്റെ പഴേ പുസ്തകപ്പെട്ടി ഒക്കെ കീഴ്മേൽ മറിച്ച് സമ്പാദിച്ചതാ ഇത്. ഈ പേജുകൾ ഇന്നെന്നോട് കുറേ സംസാരിച്ചു. മുനിഞ്ഞു കത്തുന്ന വിളക്കുകൾ, മഷിപ്പാടുകൾ വീണു കിടക്കുന്ന ഷർട്ടുകൾ.. എന്റെ സ്വകാര്യ ലോകമായ പുസ്തക പെട്ടി.. നീ ഓർക്കാറുണ്ടോ അതൊക്കെ… ഇപ്പോ നീ ഇരിക്കുന്ന ആ ഉമ്മറപ്പടിയിലാണ് അമ്മ വൈകുന്നേരങ്ങളില് നമ്മളെ നോക്കി ഇരിക്കാറ്. ഞാൻ എന്നേ മായ്ച്ചു കളഞ്ഞതാ ഒക്കെ.പക്ഷേ ഈ മഴ .. ഇതിന്റെ കുത്തൊഴുക്കിൽ പെട്ട് പിന്നെയും ഈ ഓർമ്മത്തുരുത്തിൽ വന്നടിഞ്ഞ പോലെ .”

അതെ .എല്ലാം മായ്ച്ചു കളഞ്ഞതായിരുന്നു,എല്ലാവരും .തൊട്ടു കളിയുടെ കുസൃതിക്കണ്ണുകളുമായാണ് മഴ തുടങ്ങിയത്. മത്സരയോട്ടത്തിന്റെ മാനസികാവസ്ഥയിൽ പെട്ട് മഴയെ ശ്രദ്ധിച്ചതേയില്ല. ഓഫീസിലേക്കു കേറും മുൻപ് നാരായണേട്ടൻ മാത്രം പറഞ്ഞു.

“ജയ് സാറേ, ഒന്ന് മനസ്സിരുത്തിക്കോളു ട്ടാ. ഈ മഴയ്ക്ക് ചെല പ്രാന്തൻ സൊഭാവൊക്കെ തോന്ന്ണ് ണ്ട്. ”

തിരിഞ്ഞു നോക്കാൻ പോലും തോന്നിയില്ല. സന്ധ്യയ്ക്ക് ഹൗസിങ്ങ് കോളനി റോഡിലൂടെ ചെറിയൊരു ലഹരിയുടെ ഉൻമേഷത്തിൽ വന്നപ്പോഴും വെള്ളം ഉള്ളതായി അറിഞ്ഞില്ല. വീട്ടിനുള്ളിലും മൂന്നു പേരും മൂന്നു ലോകത്തായിരുന്നല്ലോ എന്നത്തേയും പോലെ. രാത്രിയിലെപ്പോഴോ ഫോണിന്റെ വൈബ്രേഷൻ മൂളൽ നിർത്താതെ വന്നു കൊണ്ടേയിരുന്നു. ഉറക്കച്ചടവിൽ രാജേട്ടൻ എന്ന അക്ഷരങ്ങൾ സ്ക്രീനിൽ തെളിഞ്ഞു നിന്നു. അമ്മയുടെ മരണത്തിനു ശേഷം ആദ്യമായിട്ടായിരുന്നു ആ വിളി .പിന്നെ ഒരു ഓട്ടമായിരുന്നു.

“ജയ്, നിനക്കെന്താ വട്ടുണ്ടോ? ആ മനുഷ്യന്റെ വാക്കും കേട്ട് നരിക്കാട്ടേയ്ക്ക് പോവാൻ. എന്റെ ഫ്രണ്ട്സിന്റെ ഫ്ലാറ്റിൽ പോവാം. മനുവിന്റെ ക്ലാസ്സ്.. എന്റെ ഓഫീസ് .. ആ നശിച്ച വീട്ടിൽ കറന്റ് പോലും ഇല്ലാതെ.. ഹൗ ക്യാൻഐ …? ”

തടസ്സം പറയുന്ന നീതുവിനേയും വാശി പിടിക്കുന്ന മനുവിനേയും ചേർത്തു പിടിച്ച് ഏതൊക്കേയോ ഊടുവഴികളിലൂടെ, വെള്ളക്കെട്ടുകളിലൂടെ കാറോടിച്ച് ഈ ഗെയ്റ്റിനു മുന്നിലെത്തിയപ്പോഴേക്കും തളർന്നു പോയിരുന്നു. മുന്നിലെ ഗ്ലാസ്സിലെ വെള്ളച്ചാലുകൾക്കിടയിലൂടെ ഒരു മങ്ങിയ ദൃശ്യമായി ഇതേ കസേരയിൽ ഏട്ടന്റെ കാത്തിരിപ്പ്. മേശപ്പുറത്ത് മരച്ചീനി പുഴുങ്ങിയതും കാന്താരി ചമ്മന്തിയുടെ ഉണർവും കമഴ്ത്തിവെച്ച പ്ലേറ്റുകളും. വരാമെന്ന് ഒരു വാക്കു പോലും മറുപടി കൊടുക്കാതിരുന്നിട്ടും ഈ കാത്തിരിപ്പ് .. എങ്ങനെ?

” പോയി വേഷം മാറ്റി കഴിച്ച് കിടന്നോ. ഞാൻ രാവിലെ എത്തി. കുഞ്ഞനും നീലീം വന്നിരുന്നു, സഹായത്തിന് ..പണ്ട് വല്യമ്മാമ പറഞ്ഞിരുന്ന പോലെ ഇവിടേയ്ക്ക് ഒന്നും വരില്ല. പ്രളയവും കാറ്റും ഒക്കെ ദൂരെ നിന്ന് മാറി പോവും ത്രേ. ”

പത്തിരുപതു വർഷങ്ങളോളം പിറകിലേക്ക് വലിച്ചിട്ടതുപോലെ ഒരു അമ്പരപ്പ് എത്ര അമർത്തി തുടച്ചിട്ടും മുഖത്തു തന്നെ പറ്റി നിന്നു.

“ഓ, ഇവിടെ ഉണ്ടായിരുന്നോ പ്രതിഭാസം. എന്തെങ്കിലും മനസ്സില് പ്ലാൻ കണ്ടിട്ടുണ്ടാവും. അല്ലാതെ ഇങ്ങനെ പെട്ടെന്നൊരു സ്നേഹം. സ്വഭാവ മഹിമോണ്ടല്ലേ ഭാര്യേം മക്കളും ഇട്ട് പോയത്?”

തെക്കേ അറയിലെ അരണ്ട വെളിച്ചത്തിൽ നിതയുടെ അമർഷം പുകഞ്ഞു കൊണ്ടേയിരുന്നു. ഉപേക്ഷിച്ചു പോന്ന നഗരം ഒരു വലിയ കുത്തൊഴുക്കിലേക്ക് അമർന്നു ചേരുന്ന അവസാന കാഴ്ചയോടെ അവളും ആകെ മാറിയതു പോലെ. അതിന്റെ തുടർക്കാഴ്ചയായിരുന്നു ഇന്നു രാവിലെ അമ്മയുടെ ചെറിയ കര മുണ്ടും നേരിയതുമുടുത്ത് അടുക്കളയുടെ ഡാർക്ക് ലൈറ്റ് മൂഡിൽ കണ്ട നൊസ്റ്റാൾജിക് സീൻ നമ്പർ 2. പരിഭവങ്ങളും പിണക്കങ്ങളും ഈഗോയും മറന്ന് കാലങ്ങൾക്കിപ്പുറം അവളെ മനസ്സോടു ചേർത്തു പിടിച്ചപ്പോൾ ഹൃദയത്തിലേക്ക് കയറി വന്നത് അമ്മമണം തന്നെയായിരുന്നു.

“അമ്മേ, ഈ ഏട്ടൻ” എന്ന സ്ഥിരം പരാതിയുമായി അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തിക്കിടക്കുമ്പോൾ കിട്ടുന്ന അതേ സുരക്ഷിതത്വബോധം വീണ്ടും ബോധമണ്ഡലത്തിലേക്ക് പടർന്നു കയറി.

ചില ദുരന്തങ്ങൾ നല്ലതിനാണ് അത് ബന്ധങ്ങളെ കഴുകി മിനുക്കുന്നു എന്ന് വായിച്ചതോർമ്മ വന്നു.

മണ്ണ് തൊടാതെ വളർന്ന മനുവാണ് മറ്റൊരു അമ്പരപ്പിക്കുന്ന സീനായി മാറുന്നത്. ഇറവെള്ളത്തിൽ തൊപ്പിക്കുടയും ചൂടി ഓടി നടക്കാനും തോണി കളിക്കാനും നല്ല മുൻ പരിചയമുള്ളതുപോലെ.

” അപ്പാ, മഴ മാറണ്ട അല്ലേ.. ഐ ഹേറ്റ് ദാറ്റ് പ്ലേസ്. എനിക്കിവിടെ മതി.”

തിരിച്ചെടുക്കാനാവാത്ത വിധം മഴയിലലിഞ്ഞു പോയ ഒരു കാൻവാസ് ചിത്രമായി മാറിയ അവന്റെ വീടിനെക്കുറിച്ച് ഞാനും ഓർക്കാതിരിക്കട്ടെ.. ഉമ്മറത്തെ പഴയ പതിനാലിഞ്ചു ടി.വി സ്ക്രീനിൽ കണ്ട സമുദ്ര സമാനമായ ദൃശ്യത്തിനടിയിലെവിടെയോ  കിടപ്പുണ്ടായിരിക്കണം ,അവന്റെ കുഞ്ഞു ലോകവും എന്നവൻ ചിന്തിക്കൂന്നുണ്ടാവുമോ .. ഉണ്ടാവാതിരിക്കട്ടെ.. ഇന്നലെകൾ തുടച്ചു മാറ്റപ്പെടുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് പുതിയ നാളെകൾ ആവണം. അതാണല്ലോ ശരി.മഴനൂലുകളുടെ കനം നേർത്തു വരുന്നു. കിലോമീറ്ററുകൾക്കപ്പുറത്തെ സംഹാര ഭാവമൊന്നുമില്ലാതെ നേർത്ത ചാലുകൾ പടിക്കലെ വയലിനപ്പുറത്തേയ്ക്ക് ഒഴുകിയകലുന്നു.. സാന്ത്വനത്തലോടലായി വന്നെത്തുന്ന തണുത്ത കാറ്റിനും എന്തൊക്കെയോ പറയാനുള്ളതുപോലെ. ഇലകൾക്കിടയിലൂടെ എത്തി നോക്കുന്ന  കുഞ്ഞു വെളിച്ചങ്ങൾ.

” രണ്ടുനാൾ കഴിഞ്ഞാ വെള്ളം ഇറങ്ങിക്കോളും. എന്റെ ഫ്ലാറ്റിന്റെ താക്കോൽ തരാം. ഇനി നിങ്ങളവിടെ നിന്നാ മതി. നിതയ്ക്കും നിനക്കും ഓഫീസിൽ പോവാനും ഇവന് സ്കൂളിൽ പോവാനും അതാ നല്ലത്. ”

അപ്പോ ഏട്ടനോ എന്ന ചോദ്യം ഉള്ളിൽ നിന്നു കയറി വന്ന് ചുണ്ടറ്റത്തു തന്നെ വരിഞ്ഞു നിന്നു. ചാരുകസേരയിൽ നിന്നും എണീറ്റ് അവസാനത്തെ കുഞ്ഞു തോണിയും വെള്ളത്തിലിറക്കി ഏട്ടൻ തിരിഞ്ഞു.

“ചെലപ്പോ വിധിടെ കളിയാവും ഇതൊക്കെ ‘നമ്മുടെ സ്ഥലങ്ങളൊക്കെ വിറ്റൊഴിവാക്കിയപ്പളും അമ്മ ഈ വീട് കൈവിടാതെ വെച്ചത് ഈ കാലത്തേയ്ക്കു വേണ്ടിയാവും. പിന്നെ, ഞാൻ… ഇതൊരു കടം വീട്ടലോ തിരിച്ചെടുക്കലോ ഒന്നും അല്ല.

ചില തിരിച്ചറിവുകൾക്ക് കാലം സാക്ഷിയായി വരുമ്പോൾ നമ്മളും വേഷം മാറ്റി ആടണം. അത്രന്നെ.  പാടത്ത് വെള്ളം കെട്ടി നിക്കണുണ്ട് തോന്നുന്നു. ഒന്നുതുഴഞ്ഞു കൊടുത്തിട്ട് വരാം.”

തോർത്തുമുണ്ട് തലയിലേക്കിട്ട് ചുറുചുറുക്കോടെ പടിയിറങ്ങി പോവുന്ന ആ രൂപം മനം മയക്കുന്ന വിഷ്വൽ ഇഫക്ടോടെ മനസ്സിൽ നിറയുന്നു.ഇത് ഭൂതകാലങ്ങൾ കളഞ്ഞു പോയവരുടെ കഥയല്ല. വീണ്ടെടുത്തവരുടെ കഥ. ഒരു അമ്മത്തുരുത്തിന്റെ വീണ്ടെടുക്കലിന്റെ കഥ.

 

കഥ
സുധ തെക്കേമഠo

dhravidan
dhravidan,cherukadha

 

 

This post has already been read 3446 times!

Comments are closed.