
ഭാഷയെന്നത് ആശയ വിനിമയം നടത്താൻ അത്യന്താപേക്ഷിതമായൊരു കാര്യമെന്നത് തർക്കമേതുമില്ലാതെ ഏവരും സമ്മതിക്കുന്ന ഒന്നാണ്
ഭാഷ ഉണ്ടായ ഐതിഹ്യകഥ അതീവ രസകരമായ ഒന്നുമാണ്. ബാബേൽ ഗോപുരനിർമ്മിതിയുമായി ബന്ധപ്പെട്ട് ദൈവം ഒറ്റ ഭാഷ സംസാരിച്ചിരുന്ന മനുഷ്യനെ പല ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളാക്കി മാറ്റി എന്ന കഥ കലഹങ്ങളുടെ തുടക്കം ഭാഷയിൽ നിന്നുമാണെന്ന് സൂചിപ്പിക്കുക കൂടി ചെയ്യുന്നു. അതെന്തുമാകട്ടെ
ഇന്ത്യ എന്ന ഭൂഭാഗം സങ്കര സംസ്കാര കേന്ദ്രമെന്ന് പറയുന്ന പോലെ സങ്കര ഭാഷാകേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
ലിപിയുള്ളതും ലിപിയില്ലാത്തതുമായ അനേകം ഭാഷകൾ സംസാരിക്കുന്ന ഭൂഭാഗത്തെ ഒരോരു ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളായി സ്വാതന്ത്രപ്രാപ്തിക്ക് ശേഷം വേർതിരിച്ചെടുക്കുമ്പോൾ അതിൽ അന്തർലീനമായി കിടക്കുന്ന ഒരു പാട് കാര്യങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനം ഓരോ ഭാഷയും കൂടുതൽ കരുത്തോടെ ശുദ്ധിയോടെ പുനരാവിഷ്കരിക്കപ്പെടുകയും അതോടൊപ്പം ആ വിഭാഗങ്ങളുടെ സംസ്കാരം ഭാഷാപരമായി നിലനിർത്തപ്പെടുകയും ചെയ്യണമെന്നത് .
ഇന്ത്യയിലെ മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും അത് കൃത്യമായി ഉൾക്കൊള്ളുകയും അതിന് വേണ്ടുന്ന മാറ്റങ്ങൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ എന്ത് കൊണ്ടാണ് കേരളം ഈയൊരു കാര്യത്തിൽ പിന്നോക്കം പോവുന്നത്
ഏതൊരു സംസ്ഥാനവും അവരുടെ ഔദ്യോഗിക ഭാഷ/ മാതൃഭാഷ പാഠ്യപദ്ധതിയിൽ നിർബ്ബന്ധിത പാഠവിഷയമാക്കി ഉൾപ്പെടുത്തി അവിടെ പഠിക്കുന്ന എല്ലാ കുട്ടികളും അത് പഠിക്കണമെന്ന് ശട്ടം കെട്ടുമ്പോൾ കേരളം മാത്രം അപ്പോഴും മൗനത്തിലാണ്.ഇവിടെ ഇഷ്ടമുള്ളവർ മലയാളം പഠിച്ചാൽ മതി എന്ന് സാരം
ലോകത്ത് വേറൊരു സ്ഥലത്തും ഇത്രയേറെ ഭാഷകൾ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യുന്നുണ്ടാവില്ല. ലോകഭാഷയായ ഇംഗ്ലീഷിനും രാഷ്ട്രഭാഷയായ ഹിന്ദിക്കും പുറമെ അറബി, ഉറുദു, സംസ്കൃതം, ഫ്രഞ്ച്, കന്നഡ, തമിഴ് ഇതൊക്കെ നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗവും അതിനെല്ലാം അധ്യാപക തസ്തികൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട് നമ്മുടെ മാറി മാറി വരുന്ന സർക്കാറുകൾ. അതൊക്കെ നല്ലതു തന്നെ നമ്മുടെ വിശാലമനസ്കത ആയി കണകാക്കുയും ചെയ്യാം. ഭാഷകൾ എല്ലാം സുന്ദരമാണ്. അത് പഠിച്ചെടുക്കുന്നത് അതിലും സുന്ദരവും
പക്ഷേ നോക്കു ആ ഭാഷകൾക്ക് വരെ പ്രത്യേക അധ്യാപകർ ‘ പഠിപ്പിക്കാൻ ഉണ്ടെന്നിരക്കെ എന്തുകൊണ്ടാണ് മലയാളം അവഗണിക്കപ്പെടുന്നത്. കുട്ടി കാലത്ത് തന്നെ മാതൃഭാഷാശുദ്ധി ഊട്ടിയുറപ്പിക്കപ്പെട്ടാലേ നമുക്ക് മറ്റു ഭാഷകളേയും സ്നേഹിക്കാൻ പറ്റു.
പെറ്റമ്മയെ മറന്ന് മറ്റുള്ള അമ്മമാർക്കൊപ്പം നടന്നാൽ സ്വസ്ഥത കിട്ടുമോ?
ലോകത്തുള്ള ഏതൊരു ഭാഷയേക്കാളും പഠിക്കാൻ ബുദ്ധിമുട്ട് നിറഞ്ഞതാണ് മലയാളം എന്ന് ഭാഷാവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ലോകത്തെ വെറും3കോടി ജന വിഭാഗം സംസാരിക്കുന്ന ഈ ഭാഷ നിലനിർത്തേണ്ടതും ഈ 3 കോടി ജനങ്ങളിലൂടെ തന്നെയാണ്
മറ്റു ഭാഷകൾ പഠിക്കാം പക്ഷേ മലയാളത്തെ ഒന്നാമാതാക്കി നിർത്തി കൊണ്ടാവണം
അല്ലാതെ അവഗണിച്ചാവരുത്
മഹാകവി വള്ളത്തോൾ എഴുതിയ പോലെ
:മാതാവിൻ വാത്സല്യ ദുഗ്ധം നുകർന്നാലെ
പൈതങ്ങൾ പൂർണ്ണ വളർച്ച നേടു, ‘
അതിനു വേണ്ട നടപടികൾ സർക്കാരിൽ നിന്നുണ്ടാവുമെന്ന പ്രത്യാശയോടെ
കവിത എസ്.കെ
(ഈയ്യങ്കോട് ശ്രീധരൻ്റെ മകളാണ് ലേഖിക)
This post has already been read 12863 times!
Comments are closed.