കവിതകൾ

അനാഥാലയങ്ങളിലെ ചുമരുകൾ

anaathaalayathile chumarukal
anaathaalayathile chumarukal

പുതിയതായി പണിതീർത്ത

വീടിന്റെ

ചുമരിലേയ്ക്കൊന്നു

കൈവച്ചൊരമ്മതൻ മകനസ്വസ്ഥനായ് ചൊല്ലുന്നു ക്ഷോഭ്യനായ്:

കറപിടിച്ചിടാമമ്മയീ കൈകളാൽ

ചുമരിലൂന്നിപ്പിടിക്കവേ ഓർക്കണം

പുതിയ വീടല്ലെ?ചില്ലുകൾ, മെത്തകൾ,

വിരലുതട്ടാതിരിക്കുവാൻ നോക്കണം..

നരപിടിച്ചൊരീ കാലുകൾ മാർബിളിൽ

വഴുതിമാറവേ വീഴാതിരിക്കുവാൻ ചുമരു തൊട്ടു, പൊറുക്കുക എൻ മകൻ,

കറയെഴാത്തൊരീ കൈയ്യിലെ പാടുകൾ ,

കരളിലേറ്റ ക്ഷതങ്ങളാണോർക്കണം..

ഇവിടെ വാർഷികാഘോഷമായ് ആളുകൾ ചുമരു വെള്ളപൂശുമ്പൊഴാ ഓർമ്മകൾ

ചെളിയൊലിക്കുന്ന കാലുമായ് നീയെന്റെ

മടിയിലേയ്ക്കു കുതിച്ചു വീഴുന്നപോൽ !

വെറുതെയോർമ്മിച്ചു പോകുന്നു ഓർമ്മകൾ,

പഴകി ജീർണ്ണിച്ച ഭാരമാകുന്നു ഞാൻ.

അകലെയെങ്ങോ ചിരിക്കുമാ വീട്ടിലെ

ചുമരുകൾക്കിതു സ്മരണയുണ്ടാവുമോ?

അവിടെയുണ്ടായിരിക്കുമോ ‘അമ്മ’തൻ ‘വര’വുമായി ചിരിച്ചുനില്ക്കും മുഖം ……

— ടി.കെ.രഘുനാഥ് —

This post has already been read 2605 times!

Comments are closed.