പൊതു വിവരം

കവിത

തുറന്നുപറയാൻ കഴിവില്ലാത്ത
അഭിപ്രായങ്ങളിൽ കുരുങ്ങി വീണ്
നാവിന്
ബോധം നഷ്ടപ്പെട്ടിരിക്കുന്നു

കണ്ണടച്ചിരുട്ടാക്കുന്ന
ദൃഷ്ടിയാൽ
കാഴ്ച്ചക്ക് തിമിരം ബാധിച്ചിരിക്കുന്നു

കേട്ടിട്ടും പ്രതികരിക്കാത്ത
പ്രവൃത്തികൾക്ക് പിന്നിൽ
കേൾവി ബധിരനായിരിക്കുന്നു

തെറ്റുകൾക്ക് നേരെ
ചൂണ്ടാൻ മടിക്കുന്ന വിരലുകൾക്ക്
ചലനം നഷ്ടപ്പെട്ടിരിക്കുന്നു

കഷ്ടപ്പാടിന് മുന്നിൽ
അലിയാത്ത മനസ്സിന്
ഹൃദയഘാതം വന്നിരിക്കുന്നു

സ്വാർത്ഥതയാൽ
ചിന്തകൾക്ക്
പക്ഷാഘാതം പിടിപെട്ടിരിക്കുന്നു

ഓർത്തോളൂ

ഉപയോഗശൂന്യമായ ഭാഗം
ലോപിച്ചില്ലാതാകുന്ന
‘പരിണാമസിദ്ധാന്തം’ ശരിവെച്ച്
ഒരുനാൾ ‘നീ’യും ഇല്ലാതാകും….!!

 

This post has already been read 1291 times!

Comments are closed.