കവിതകൾ

യാത്ര (ശ്രീറാം കുമരകം)

…….യാത്ര……

ഇനിയെത്ര കാലം ഇനിയെത്ര ദൂരം
ഇരുൾ വീഴുമീ വഴി എവിടേയ്ക്കോ
ദിക്കറിയാതെ ദിശയറിയാതെ
ആരോ തെളിച്ചൊരീ മൺപാതയിൽ

ഇനിയെത്ര കാലം ഇനിയെത്ര ദൂരം

കനൽ വഴി പിന്നിടുമ്പോൾ കലിയുഗമെന്നിൽ..
പലവിധ വേഷങ്ങൾ കെട്ടിയാടി
കത്തിയും ചുട്ടിയും മുഖപടം മാറ്റി
കലി തുള്ളും കോമരമായി ആടിടുമ്പോൾ

ഇനിയെത്ര കാലം ഇനിയെത്ര കാതം
ഇരുൾ വീഴുമീ വഴി നീളുകയായി

സ്വപ്നങ്ങൾ പൂക്കാത്ത മരീചികയാം
യെൻ മനം സാന്ത്വനം തേടുമ്പോൾ
കണ്ണീരുണങ്ങാത്ത കാരാഗ്രഹങ്ങളിൽ
കാണുന്നതെല്ലാം നിഴൽ നാടകങ്ങൾ

പകലോനെ ഉണരത്തുമാ കുയിൽ പാടിയില്ല
പരിഭവം പറയുമാ കിളിനാദമില്ല
ലഹരി കവർന്നൊരാ മെയ്യും മനസ്സുമായി
പുലരിയെ പുൽകാതെ ഉണർന്നിടുമ്പോൾ
ഇനിയെത്ര കാലം ഇനിയെത്ര ദൂരം
ഇരുൾ വീണ ഈ യാത്ര എവിടേയ്ക്കോ

ശ്രീറാം കുമരകം

This post has already been read 5238 times!

Comments are closed.