കവിതകൾ

മോഹമാണ്…

ഒരു തുലാമഴക്കാലമെങ്കിലും നിനക്കൊപ്പം നനയാൻ കഴിഞ്ഞെങ്കിലെന്ന്…
തുള്ളിക്കൊരുകുടമെന്നപോൽ പെയ്തിറങ്ങുന്ന മഴയിൽ നിനക്കൊപ്പം കുളിരു പങ്കിടാൻ കഴിഞ്ഞുവെങ്കിലെന്ന്..
നനഞ്ഞു മടുക്കുമ്പോൾ ഈറൻമാറ്റി ഉമ്മറത്തിണ്ണയിൽ നിനക്കൊപ്പം വന്നിരിക്കണം. മധുരമേറെയുള്ള കട്ടനോടൊപ്പം ഇടയ്ക്കു നിന്റെ ചുംബനമധുരം നുണയണം..
മഴ തോർന്നനേരം നിന്റെ കയ്യും പിടിച്ചാ നാട്ടുവഴിയിലൂടെ ഒരിക്കൽ കൂടെ നടന്നു നീങ്ങണം.
നിറയെ പൂത്ത ഇലഞ്ഞിച്ചോട്ടിൽ നിന്ന് ഒരിക്കൽ കൂടി നീ കാതോരം പറയണം വാടിയ ഇലഞ്ഞിപ്പൂമണമാണെനിക്കെന്ന്.
ചെറു ചിരിയോടെ നിന്റെ നെഞ്ചിൽ ചേരുമ്പോൾ വിളിക്കാതെ വന്നൊരു കള്ളക്കാറ്റ് മഴതുള്ളിക്കൊപ്പം ഒരായിരം ഇലഞ്ഞിപ്പൂക്കൾ നമുക്കുമീതെ മഴയായി പൊഴിക്കണം..പിന്നെയും വിരുന്നെത്തുന്ന രാത്രിമഴക്കുളിരേറ്റ് ഒന്നിച്ചുറങ്ങുമ്പോൾ നിന്റെ പ്രണയത്തിന്റെ നെരിപ്പോടെരിയുന്ന ചൂടിൽ എന്റെ സ്വപ്നങ്ങൾക്ക് ചൂട് പകരണം…കാത്തിരിപ്പിന്റെ വേദന തന്നു നീ പിരിഞ്ഞു പോയാലും ഒന്നിക്കാനായൊരാ മഴക്കാലം നെഞ്ചിൽ കുളിരായങ്ങനെ നിറഞ്ഞു നിക്കണം.. പിന്നീടെന്നിൽ പെയ്തു തോരുന്ന ഓരോ മഴയും നിന്റെ തലോടലായ് മാറണം.. നീ തന്നുപോയ പ്രണയത്തിന്റെ ചൂട് പിന്നീടുള്ള ഒരോ മഴക്കുളിരിലും എന്റെ തണുപ്പാറ്റണം എന്നിൽ ഞാൻ ഇല്ലാതെ നീയും പിന്നെ നീ തന്ന മഴയോർമകളും മാത്രം ബാക്കിയാകണം…

This post has already been read 3079 times!

Comments are closed.