
നിന്റെ പിൻ കഴുത്തിൽ
ഞാനന്നു തന്ന പൊള്ളിക്കുന്ന
ഒരുമ്മ ഇന്നെനിക്ക്
കടം തരുമോ?
പ്രണയത്തിന്റെ ദിവസങ്ങളിലെ
നെടുവീർപ്പിലൊരെണ്ണം….
ഒളിനോട്ടങ്ങളുടെ ഒരു ചിന്ത്….
നിന്നെ വർണ്ണിച്ച വരികളിലെ
ഇത്തിരി കിനാച്ചൂട്….
നീ അടുത്തു വരും മുമ്പേ ഞാൻ
അറിഞ്ഞ മണത്തിന്റെ ഒരു തുണ്ട്….
ദൗർലഭ സ്പർശത്തിൽ വിരിഞ്ഞ
ദേവദാരുവിന്റെ ഒരിതൾ….
നോക്കിയിരിക്കേ കൊഴിഞ്ഞു
പോയ മൗനത്തിന്റെ ഒരില…..
ചേർന്ന് നടക്കവേ ഒരു പുഴയായി
ഒഴുകിയതിൽ നിന്നൊരല……
മയിൽപ്പീലിയും മഞ്ചാടിയും
പങ്കു വെക്കാൻ മാത്രം
വിശുദ്ധമായിരുന്നില്ലെങ്കിലും
പങ്കു വെച്ച പതിത നിമിഷങ്ങളിൽ
നിന്നും എന്തെങ്കിലും ഒന്ന്
കടം തരുമോ….?
വറ്റിവരണ്ടു പോയ സ്നേഹ
സ്റോതസ്സുകളെ ജലാർദ്രമാക്കാൻ…..
വരുൺ.എം
This post has already been read 1336 times!


Comments are closed.