കവിതകൾ

യാത്രയയപ്പ്


രണ്ടു മനസ്സിന്നിഴകൾ
ഒന്നിനോടൊന്നായി
തമ്മിൽ പിണഞ്ഞ്
കരുത്തായി നീളമായി
അറ്റമറിയാത്തൊരു കയർ.

ഓരോ ചെറുതിരിയിഴകളും
തമ്മിലൊതുങ്ങിയൊന്നായി
പിരിഞ്ഞു വരിഞ്ഞ്
ഹൃദയനൂലിഴകൾ കൊരുത്ത
പരസ്പരപൂരകമായൊരു കയർ.

പ്രണയം പൊള്ളിത്തുടങ്ങുമ്പോൾ
സ്വപ്നങ്ങൾ തകരുമ്പോൾ
ഒന്നിച്ചെടുത്ത് വടിച്ചുടച്ച്
കണ്ണീരുമായി കൂട്ടിക്കുഴച്ച്
കയറിൽ പതം വരുവോളം
തേച്ചു മിനുസപ്പെടുത്തിടേണം.

കുത്തിയിറങ്ങുന്ന വേദനയിലും
അവഗണയുടെ വേരുകളപ്പാടെ
കടുപ്പമായി അറുത്തു മാറ്റണം
നെഞ്ചു പറിയുമ്പോൾ ,രക്തമിറ്റുമ്പോൾ
കണ്ടില്ലെന്നു നടിക്കാൻ, നിശബ്ദമാവാൻ
മനസ്സിനെ മെരുക്കണം.

ഒടുക്കം ദിവസമുറപ്പിക്കേണം
ദേഹവും ദേഹിയുമൊരുക്കേണം
വിലാപങ്ങളില്ലാത്ത ഉപചാരങ്ങളില്ലാത്ത
ഒപ്പം പിടിച്ച വിരലുകളില്ലാത്ത
ഒപ്പം നടന്ന പാദങ്ങളില്ലാത്ത
ഏകമായൊരു യാത്രയ്ക്കായി .

ഇനിയൊരു ആരാച്ചാരെ വേണം
സ്വയം ചീഞ്ഞഴുകിയൊരെൻ
മടുപ്പിനെ കഴുമരമേറ്റാൻ.
പതം വന്ന കുരുക്ക്
കഴുത്തിലുരയാതെ, നിലവിളിയുയരാതെ
മൂന്നാമത്തെ കശേരു ക്യത്യം
ഒരു ഞൊടിയിലൊടിച്ച്
ചങ്കിൽ മുറുക്കി ശ്വാസം കുറുക്കി
ഞാൻ പോലുമറിയാതെ എനിക്ക്
മരണം മണക്കാത്ത യാത്രയേകുന്ന
ഒരു ആരാച്ചാരെ വേണം.



 

 

സംഗീത എസ്
sangeethajaison@gmail.com

This post has already been read 2281 times!

Comments are closed.