
മുത്തം
പുറത്തു പെയ്യുന്ന മഴയിൽ
തോണിയുണ്ടാക്കിക്കളിക്കുകയാണവൾ
മഴയോട് കൊഞ്ചിയും പിണങ്ങിയും
മഴയെ കൂട്ടുകാരിയാക്കിയവൾ
അവളിന്ന് ഏറെ സന്തോഷത്തിലാണ്
കുറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ
ഇന്ന് തനിക്കുമൊരു കുഞ്ഞു വാവയെ കിട്ടുകയാണ്
അമ്മയിന്നലെ യാത്രപറഞ്ഞ് പോകുമ്പോൾ
അവളുടെ മനസ്സുമുഴുവൻ ആ കുഞ്ഞായിരുന്നു
തൻ്റെ കൂടെ കളിക്കാനും,ഉറങ്ങാനും
തനിക്കൊരുക്കാനും ശരിക്കുമൊരു പാവക്കുട്ടി
മുത്തശ്ശിയോടൊപ്പമാണിന്നലെ ഉറങ്ങിയത്
ഉറക്കത്തിലും അമ്മയും,വാവയും തന്നെ
വിളിക്കുന്നതു പോലവൾക്കു തോന്നി
തോണിയൊഴുക്കിവിടുമ്പോഴും
അവളുടെ നോട്ടം ഗെയിറ്റിലേക്കായിരുന്നു
ദൂരെനിന്നും വണ്ടി വരുന്നത് കണ്ടപ്പോഴേ
ആകാംക്ഷയോടവൾ നോക്കി നിന്നു
വെള്ളപുതച്ച രണ്ടു ശരീരങ്ങൾ
ഉള്ളിലേക്കു കൊണ്ടുപോകുന്നു
അടക്കിപ്പിടിച്ച തേങ്ങലുകൾ,സംസാരങ്ങൾ
ആരൊക്കെയോ തന്നെ ആശ്വസിപ്പിക്കുന്നു
ഓമനിക്കുന്നു
ഓടിച്ചെന്ന് അവളാതുണി മുഖത്തുനിന്നും മാറ്റി
ഉറങ്ങിക്കിടക്കുന്ന അമ്മയുടെ മുഖത്ത്
തന്നോടു പറയാൻ ബാക്കിവെച്ചകഥകൾ
മിന്നിമറയുന്നതുപോലവൾക്കു തോന്നി
തൊട്ടടുത്തു കിടക്കുന്ന തൻ്റെ കുഞ്ഞനിയൻ്റെ മുഖത്ത്
ആദ്യമായും അവസാനമായും
അവളൊരു മുത്തം കൊടുത്തു
അപ്പോൾ അവളിലെ ‘ചേച്ചി’ഉണർന്നതുപോലെ
അവൾക്കനുഭവപ്പെട്ടു
സാന്ദ്ര S വാരിയർ
This post has already been read 6733 times!


Comments are closed.