
ഒരു ആനയുടെ, ആത്മരോദനം.
============================
കാലിൽ ചങ്ങല ചുറ്റപ്പെട്ട ഒരു ആന ആണ് ഞാൻ..
വരച്ചു വച്ച.. വരകൾക്കപ്പുറത്തേയ്ക്ക്.
അളന്നു വച്ച… ചങ്ങലകണ്ണികൾക്കപ്പുറത്തേയ്ക്ക്, നീങ്ങാൻ കഴിയാതെ, കരയിലെ ഏറ്റവും വലിയ ജീവി നിൽക്കുന്നു..
ഒരു പാപ്പാന്റെ തോട്ടിയിൽ
എന്റെ ജീവിതം.. നടക്കാനേ…. എടുക്കാനേ…
ഇങ്ങനെ ചെയ്യൂ, ആനേ…
എന്ന കല്പന അനുസരിച്ച്..
ഇന്നലെ വരെ, കാട്ടിൽ സ്വതന്ത്രമായി മേഞ്ഞ എന്നെ
നിന്റെ കുശാഗ്രബുദ്ധിയിൽ..
വാരിക്കുഴിതീർത്തു.. തടവിലാക്കി..
നിന്റെ ഇഷ്ടങ്ങൾ എന്നിൽ
അടിച്ചേൽപ്പിച്ചു…നിന്റെ
കല്പനകൾ ഞാൻ ഇഷ്ടത്തോടെ
അല്ലെങ്കിലും അനുസരിച്ചു…
നിന്റെ തോട്ടിയേ ഭയന്നിട്ടല്ല..
നിന്നെ പേടിച്ചിട്ടുമല്ല…
ഒരു കുഞ്ഞു ശരീരമേ..
നിനക്കുള്ളൂ, എന്നും, നീ
എന്റെ മുൻപിൽ നിസ്സാരനാണ്
എന്നും അറിയാതെയുമല്ല..
നീയടക്കമുള്ള, പലരുടെയും
സുഖജീവിതത്തിനായി
ഞാൻ എന്റെ ജീവിതം നൽകി
എന്നു നീ ഓർക്കുക..
പക്ഷേ..എന്നെങ്കിലും ഒരിക്കൽ
എനിക്ക് മദം പൊട്ടും…
സങ്കടങ്ങളുടെ, അസ്വാതന്ത്ര്യത്തിന്റെ,
കുഴിച്ചു മൂടിയ ആഗ്രഹങ്ങളുടെ..
ഒരു മദം പൊട്ടൽ….
ഹൃദയത്തിലെ വിങ്ങലുകൾ
ഒരു ലാവ പോലെ പുറത്തു വരും..
ഇതൊന്നും മനസ്സിലാക്കാതെ…
എന്റെ മനസ്സു കാണാൻ കഴിയാതെ
നീയും, കുറെ കാഴ്ചക്കാരും….
അതിനെ തളയ്ക്കൂ, മയക്കുവെടി
വയ്ക്കൂ.. അല്ലെങ്കിൽ കൊല്ലൂ
എന്നാക്രോശിക്കുന്ന , നീയും
പിന്നെ മറ്റുള്ളവരും..
ഒന്നും ചെയ്യാൻ കഴിയാതെ..
സ്വാതന്ത്ര്യമെന്ന, സ്വപ്നത്തിലേയ്ക്ക്, കുതിയ്ക്കാൻ
കഴിയാതെ….
നിസ്സഹായതയിൽ നിന്നു
പൊടിയുന്ന, കണ്ണുനീർ ത്തുള്ളികളോടെ..ഞാൻ…
ഒന്നുകിൽ വീണ്ടും തടവിലേയ്ക്ക്..
അല്ലെങ്കിൽ മരണത്തിലേയ്ക്ക്…
(ഈ ആന……
നമ്മൾ തന്നെ അല്ലേ……? )
ഷിജു ജോസഫ്
This post has already been read 6859 times!
Comments are closed.