
കവിത – സ്വത്ത്
മുത്തം കൊടുത്തൂഴിയെപ്പുണർന്നീടുവാൻ
ചിത്തം തെളിഞ്ഞംശുവെത്തീ,
അത്തലെല്ലാമകറ്റീടുന്നു വാസരം
ചിത്തിരപ്പൂപോൽ വിടരാൻ..
ഒത്തിരി ദൂരത്തുനിന്നു വന്നൂഴിക്കു
വിത്തം കൊടുക്കുന്ന നിന്റെ,
ഇത്തിരി വെട്ടം മതിയിരുട്ടാരെയും
കുത്തിനോവിക്കാതെ മാറാൻ..
ഉത്തമനാം നിന്റെ തേജസ്സിൽ നിന്നൊരു
പുത്തൻ പ്രഭാതം വരുമ്പോൾ,
ചെത്തിയ മുറ്റത്തരിപ്പൊടിക്കോലങ്ങൾ
ചാർത്തുന്നു നിന്നെ വേല്ക്കാനായ്..
കത്തുന്ന നെയ്‌വിളക്കായി നീ നിത്യവും
മത്താപ്പൂ കത്തിച്ചപോലേ,
പത്തരമാറ്റിലുദിക്കുന്നു ഞങ്ങൾക്ക്
അത്താണിയാകുവാനായീ..
സ്വത്താണു ഞങ്ങൾക്ക് മറ്റാരിലും, നിന്നെ
ഒത്തൊരുമിച്ചു നമിക്കാം,
എത്തണം നിന്നൊളി സർവ്വതിൻ ജീവിതം
മുത്തുപോൽ വെട്ടിത്തിളങ്ങാൻ…
ജയദേവൻ
This post has already been read 1513 times!


Comments are closed.