വാനത്തിൽ ഉദിച്ചുയർന്ന വർണനിറവിന്റെ തലോടൽ പോലെ ഒരായിരം നിറങ്ങൾ .പകരുന്ന നന്മകൾ ഓരോ നിമിഷത്തിലും രൂപപ്പെടുന്ന സുന്ദര ദൃശ്യ രൂപങ്ങളായിരുന്നു. മാനസത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന കാഴ്ചകളിലൂടെ ജീവിതം കടന്നു പോകുന്നു.
ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോഴും വളരെ ചുരുങ്ങിയ സമയം വരെ മാത്രമേ ആ കാഴ്ചകൾ കണ്ണിൽ തങ്ങുകയുള്ളൂ. പിന്നീടങ്ങോട്ട് കുതിരയെക്കാളും വേഗത്തിൽ സഞ്ചരിക്കുന്ന ചിന്തകളായിരിക്കും നമ്മെ നയിക്കുന്നത്.
കടലിനഭിമുഖമായി ഇരിക്കുമ്പോൾ പാതിമറയാറായ സൂര്യനും കാറ്റിന്റെ ശക്തിയനുസരിച്ച് ഉയർന്നും ചരിഞ്ഞും പതിക്കുന്ന അലകളും ആദ്യ നിമിഷങ്ങളിൽ എന്റെ കണ്ണുകളിൽ തന്നെയുണ്ടായിരുന്നു. പിന്നീടെപ്പോഴോ അവിടെ പാറി നടക്കുന്ന നുരകളിലേക്കും അതിൽ തൊടാൻ ശ്രമിക്കുന്ന കുട്ടികൾ അവർ തൊടുമ്പോൾ അവ മറഞ്ഞു പോകുന്നതിലുള്ള അവരുടെ കൗതുകത്തിലേക്കും പോയിരുന്നു. അപ്പോഴും പശ്ചാത്തലമായി പഴയ കാല ഹിന്ദി സിനിമയിലെ ഗാനങ്ങൾ ഓടക്കുഴലിന്റെ മാധുര്യത്തിൽ കേൾക്കാമായിരുന്നു.
കുറേയേറെ മരവിപ്പിലേക്ക് കടന്ന ചിന്തകളെ എങ്ങനെയൊക്കെയോ തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ചോളം ചുട്ട മണത്തെ സ്വീകരിക്കാൻ നോക്കുമ്പോൾ ചുണ്ടലിന്റെ മസാല മണമെത്തുന്നത്. ഒരാൾ മണൽ കൂമ്പാരത്തിന്റെ ഉയരം കൂട്ടാനൊരുങ്ങുമ്പോൾ അതിന്റെ പുറത്തേക്ക് ചാടി വീണ് അത് തകർക്കുകയാണ് മറ്റൊരാൾ. ജീവിതത്തിന്റെ നേർക്കാഴ്ചകൾ പലപ്പോഴും പ്രത്യക്ഷമാണെങ്കിൽ കൂടി അത് ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ നമ്മിൽ പലരും ശ്രമിക്കുന്നില്ല.
പണ്ടേ പോലെ ഇവിടെ വന്നിരുന്ന് ചർച്ച നടത്തിയ കൗതുകങ്ങളും മണ്ടത്തരങ്ങളും ഒന്നും തന്നെ ഇന്നില്ലെങ്കിലും അതിന്റെ അഭാവത്തെ മറക്കുന്ന തരത്തിൽ ഓൾഡ് കോഫീ ഹൗസ് ആ പേരിലൂടെ എന്നെ മാടി വിളിക്കുന്നു.
അന്നും അവിടെ ഹാജർ വയ്ക്കാതെ പോകുകയില്ല. ഇന്ന് തിരക്കിന്റെ ലോകമാണ് എന്നൊക്കെ എവിടെയെങ്കിലും കേട്ടാൽ മനസിലൊന്നും ചിന്തിച്ചില്ലെങ്കിലും ഏറാൻ മൂളി കണക്കെ അതെ അതെ എന്നങ്ങ് വച്ച് കാച്ചും. പക്ഷെ ഇവിടെ തിരക്കു കാണുമ്പോളാണ് തിരക്കിനെ ശപിക്കുന്നത്. ദേഷ്യം തോന്നുന്നത്.
സത്യത്തിൽ ആഹാരത്തിനു വേണ്ടി കൊതിച്ച് എത്തുമ്പോൾ ഒരു കാത്തിരിപ്പ് വൈകൽ അതൊന്നും അത്ര സുഖകരമായ കാര്യമല്ല.
പതിവുപോലെ സംഘമല്ലാതിരുന്നതിനാലാകും തിരക്കായിരുന്നിട്ടും എനിക്ക് ഇരിക്കാൻ അവിടെ സ്ഥലം കിട്ടി ഒരു വശത്തായി 2 പേർക്കിരിയ്ക്കാനുള്ള സ്ഥലം. ഞാനിരുന്നപ്പോഴേക്കും ഓർഡറിനായി ആളെത്തി. താമസം വരാതിരിക്കാൻ വേഗം ഓർഡർ നൽകി രണ്ട് വെജ് കട്ലറ്റ് ഒരു കോഫി . ചെറിയ ഓർഡർ അല്ലേ വേഗം കിട്ടും എന്ന ചിന്തയിൽ പുറത്തേക്ക് നോക്കി മതിലുകൾക്ക് പകരം ഇരിക്കുന്ന താഴ്ഭാഗത്ത് അഴികളായിരുന്നു . കടലിന്റെ അലകളുടെ ശബ്ദം ആഞ്ഞടിച്ചു കൊണ്ടിരുന്നു.
വശങ്ങളിലേക്കുള്ള കാഴ്ചകൾ അല്പം മാറ്റി മുന്നിലേക്കൊതുക്കിയപ്പോൾ യുവമിഥുനങ്ങൾ ഇണപ്പക്ഷികളെ കണക്ക് ചേർന്നിരുന്നു . രഹസ്യങ്ങളുടെ നാണത്തിന്റെ സംഭാഷണ കുരുക്കുകൾ മുറുകിയിരിക്കുമ്പോഴും എന്റെ അപ്രതീക്ഷിത നോട്ടം അവരിരുവരും കണ്ടു. എന്നാൽ അവരെക്കാളും ലജ്ജിത നായത് ഞാനാണോ എന്ന സംശയം എന്നിലുണ്ടായി. എന്റെ നോട്ടത്തിൽ അല്പം പരുങ്ങൽ ആ പയ്യന്റെ മുഖത്തുണ്ടായി പക്ഷെ എന്നിട്ട് യാതൊരു കൂസലുമില്ലാതെ ആ പെൺകുട്ടി നോട്ടം പിൻവലിച്ച് അവരുടെ മുട്ടിയുരുമ്മലും സംഭാഷണവും തുടർന്നു. എന്റെ നോട്ടം ആ പയ്യന് പ്രശ്നം നേരിട്ടെങ്കിലും അവളുടെ ഏതോ വാക്കുകൾ വാക്യങ്ങൾ അവനെയും മാറ്റിയെടുത്തു. അതു വരെ ഇല്ലാതിരുന്ന അവജ്ഞ അതോ പുച്ഛമോ എന്തോ എനിക്ക് അവരുടെ നോട്ടത്തിൽ അനുഭവപ്പെട്ടു.
ഇന്നിന്റെ ഇന്നലെകളുടെ ചിന്തകളും പ്രതികരണങ്ങളും എന്നിൽ ആടിയുലഞ്ഞ് പ്രഹരിക്കുന്നു. കോഫിയും കട് ലറ്റും അപ്പോഴേക്കും എത്തിയിരുന്നു. ആസ്വദിച്ച് ടൊമാറ്റോ കെച്ചപ്പിന്റെ രുചിയിലൂടെ കഴിക്കണമെന്നൊക്കെ കരുതി ഓർഡർ ചെയ്തതായിരുന്നെങ്കിലും മാനസിക സമ്മർദ്ദം എന്നെ അതിന് അനുവദിച്ചില്ല. വേഗം കഴിച്ചു കുടിച്ചു എന്നു വരുത്തി ബില്ലിനായി കാത്തിരിക്കാതെ ക്യാഷ് കൗണ്ടറിൽ പോയി അടച്ചു. ഞാനിരുന്ന മേശ കൈകാര്യം ചെയ്ത പയ്യനെ കാണുന്നില്ല. കുറച്ചു നോക്കി നിന്നു പക്ഷെ വീണ്ടും ആ ഭാഗത്തിലേക്ക് തന്നെ ശ്രദ്ധ പോയി. വേണ്ട പിന്നീടാവാം. ഇറങ്ങി നടന്നു. നടക്കുമ്പോഴും ആ സമ്മർദ്ദത്തിന്റെ തീവ്രത കുറഞ്ഞു വരുമ്പോഴും ആ അടുക്കള ചുമരിൽ നിന്നും അടുത്ത മേശയിൽ നിരത്താനുള്ള വരുന്ന ആ പയ്യൻ അവന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.
This post has already been read 1284 times!
Comments are closed.