കവിതകൾ

ഒറ്റക്കായി പോകുന്ന വീടുകൾ

ഒറ്റക്കായി പോകുന്ന വീടുകൾ
——————————————-
മകളെ സ്‌കൂളിൽ
വിട്ടു വരുമ്പോഴാണ്
ഒറ്റക്കായി പോയ
വീടുകൾ കണ്ടത് .

കുഞ്ഞുങ്ങളെല്ലാം
സ്‌കൂളിലേക്കും ,
വീട്ടുകാരെല്ലാം
പണിയിടങ്ങളിലേക്കും
പോയ് കഴിയുമ്പോൾ
ഏകാന്തമായിപ്പോകുന്ന
അകത്തളങ്ങളുടെ
വിഷാദം നിറഞ്ഞ വീടുകൾ .

കുഞ്ഞുങ്ങളുടെ
ഒച്ചയനക്കമോ
അടുക്കളയിലെ
ഊണൊരുക്കമോയില്ലാതെ
മൗനം കടഞ്ഞു ,
ചെരുപ്പുകളുടെ
പുറം കാവലില്ലാതെ
ഒറ്റക്കായി പോയ വീടുകൾ.

ഇല പൊഴിഞ്ഞ
മേപ്പിൾ മരമൊരു
പുതുനാമ്പിനായ്
കാത്തിരിക്കും പോൽ ,
വഴിയിലേക്ക്
കണ്ണും നട്ടിരിക്കുന്നു
ഒറ്റക്കായി പോയ
വീടിൻ വിഷാദങ്ങൾ.
—-

This post has already been read 2663 times!

Comments are closed.